സംസ്ഥാനത്ത് വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി ആരംഭിച്ചു. ബൂത്ത് തല പ്രവർത്തനങ്ങൾ വഴി സ്ഥാനാർഥി നിർണയമാണ് ആദ്യഘട്ടപ്രവർത്തനം. വട്ടിയൂർക്കാവിൽ വിജയം ലക്ഷ്യം വച്ച പ്രവർത്തനമാണ് നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും ഒന്നിച്ച് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള മീഡിയവണിനോട് പറഞ്ഞു.
പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുന്നുവെങ്കിലും ഉപ തെരഞ്ഞെടുപ്പിനെ ഗൌരവത്തിലെടുക്കുകയാണ് ബി.ജെ.പി. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിനും മഞ്ചേശ്വരത്തിനും പ്രധാന പരിഗണ നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ആറ് മണ്ഡലങ്ങളിലും ഓരോ സംസ്ഥാന നേതാവിന് ചുമതല നൽകിയ പാർട്ടി ബൂത്ത് തല പ്രവർത്തനങ്ങൾ ആരംഭിച്ചു. താഴേ തട്ടിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തി യോഗങ്ങളിൽ പങ്കെടുത്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വട്ടിയൂര്‍ക്കാവ് ബി.ജെ.പിയുടെ പ്രഥമ പരിഗണന കുമ്മനം രാജശേഖരനാണ്. കുമ്മനം വഴി നിയമസഭയിൽ രണ്ടാമതൊരാളെ എത്തിക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രാദേശി നേതാക്കളുടെ അഭിപ്രായം. കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്‍.എസ്.എസിന്റേതാവും. മഞ്ചേശ്വരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ 440 വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് എൻഡിഎ മൂന്നാം സ്ഥാനത്തുള്ളത്. അതിനാൽ ഇവിടെയും മികച്ച സ്ഥാനാർഥിയെ കണ്ടെത്താനാണ് ബി.ജെ.പി ശ്രമം. ആറിൽ അരൂർ ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലമാണ്.