പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പിച്ച് ബി.ജെ.പി പാർലമെൻറ് മണ്ഡലം നേതൃയോഗം. വലിയ ഭൂരിപക്ഷമില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഭുരിപക്ഷ ഏകീകരണം ഉണ്ടായെന്നാണ് പാർട്ടിയുടെ പൊതു വിലയിരുത്തൽ. ഇതുകൊണ്ട് നേട്ടമുണ്ടാക്കാനായെന്നും യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാനായെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും അത് പത്തനംതിട്ടയിലെ ഫലത്തിലൂടെ ബോധ്യമാകുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു
അതേസമയം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലെ ആശങ്ക യോഗത്തിൽ ഒരു വിഭാഗം ഉന്നയിച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിയിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ടങ്കിൽ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.