India Kerala

ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെ മുസ്‌ലിം യുവാക്കളുടെ കൊലപാതകം; ആരോപിതരായ എട്ട് പൊലീസുകാര്‍ ഒളിവില്‍

ബിഹാര്‍ പൊലീസ് കസ്റ്റഡിയില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട കേസില്‍ ആരോപണവിധേയരായ എട്ട് പൊലീസുകാര്‍ ഒളിവില്‍. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ചക്കിയ പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന കസ്റ്റഡി കൊലപാതകം നടന്നത്. രാംദിഹ നിവാസികളായ മുഹമ്മദ് തസ്ലീം, മുഹമ്മദ് ഗുഫ്റാന്‍ എന്നിവരാണ് സ്റ്റേഷനില്‍ വെച്ച് നടന്ന അതിക്രൂര പീഡനത്തിനും മര്‍ദ്ദനത്തിനും ശേഷം കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ മോഷണ, കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത യുവാക്കളെ കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി പീ‍ഡിപ്പിച്ചത്.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് 20 മണിക്കുറിന് ശേഷമാണ് തസ്ലീമും ഗുഫ്റാനും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ ഗുരുതരമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ കുറ്റാരോപിതരായ എട്ട് പൊലീസ്കാര്‍ ഒളിവില്‍ പോയതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഫലമായി സംഭവത്തില്‍ ഉള്‍പ്പെട്ട സസ്പെന്‍ഷനിലുള്ള പൊലീസുകാര്‍ക്കെതിരെ എഫ്. ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഒടുവില്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ദുംറ പൊലീസ് എസ്.എച്ച.ഒ ചന്ദ്രഭൂഷന്‍ കുമാര്‍ സിംങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

അതേ സമയം കേസ് ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ നീതി ന്യായ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതികളാണ് സംഭവത്തിന് ശേഷം പുറത്ത് വരുന്ന പ്രധാന ആരോപണങ്ങള്‍.