എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വോട്ട് ചോര്‍ച്ചയുടെ സൂചന നല്‍കുന്നതാണെന്ന് ബിജെപി വിലയിരുത്തല്‍. ബി.ഡി.ജെ.എസുമായുള്ള പ്രശ്നം പരിഹരിക്കാതെ വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാര്‍ഥി അനിയപ്പന് മത്സരിച്ചപ്പോള്‍ 27753 വോട്ടാണ് ലഭിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന് മത്സരിച്ചപ്പോള്‍ 26250 വോട്ട് എന്‍.ഡി.എയുടെ പെട്ടിയില്‍ വീണു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ തന്നെ ഇത്തവണ അരൂരിലിറക്കിയാല് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടാമെന്ന പ്രതീക്ഷ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിഡിജെഎസ് പിന്മാറിയതോടെയാണ് അവര്‍ക്ക് തന്നെ സീറ്റ് ഏറ്റെടുക്കേണ്ടി വന്നത്. ബിഡിജെഎസിന്റെ പിന്മാറ്റത്തോടെ തന്നെ വോട്ട് ചോര്‍ച്ചയുടെ സൂചന ബിജെപി നേതൃത്വത്തിന് ലഭിച്ചെങ്കിലും ഇന്നലത്തെ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ആ സംശയം ഊട്ടി ഉറപ്പിക്കുന്നതാണ്.
തുഷാര്‍ വെള്ളാപ്പള്ളി ജയിലില്‍ കിടന്നപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടതും, നവോത്ഥാനസംരക്ഷണ മുന്നണിയുടെ തലപ്പത്ത് വെള്ളാപ്പള്ളിയെ നിയോഗിച്ചതുമെല്ലാം എല്‍ഡിഎഫുമായി ബിഡിജെഎസ് അടുക്കുന്നതിന്റെ സൂചനയായിട്ടാണ് ബിജെപി നേതാക്കള്‍ കാണുന്നത്. അരൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞാല്‍ ബിഡിജെഎസ് – ബിജെപി തര്‍ക്കം മറ്റൊരു തലത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.