ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിച്ചു. ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍കുമാർ മീഡിയവണിനോട് പറഞ്ഞു.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ബാറുടമകളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഉടമകളില്‍ നിന്ന് പണം പിരിച്ച് നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞിരുന്നത്. ഈ വാദം പൂര്‍ണ്ണമായും തള്ളുകയാണ് ബാറുടമകളുടെ സംഘടന. പണം പിരിക്കുകയോ, ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്. സ്ഥിരതയില്ലാത്ത നിലപാടാണ് ബിജു രമേശ് സ്വീകരിക്കുന്നതെന്നും ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് വി.സുനില്‍ കുമാര്‍ വിമര്‍ശിച്ചു.
ബിജു രമേശിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന സംശയവും ഒരു വിഭാഗം ബാറുടമകള്‍ ഉന്നയിക്കുന്നുണ്ട്. കെ.എം മാണിക്കെതിരായി അന്വേഷണം നടക്കുന്ന വേളയിലും ബാറുടമകള്‍ക്കിടയില്‍ സമാനമായി ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാറുടമകള്‍ തുറന്ന് പറയാത്തത് സമ്മര്‍ദ്ദം കാരണമാണെന്നുമാണ് ബിജു രമേശിന്‍റെ നിലപാട്.