കോഴിക്കോട് ഓമശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. കവര്‍ച്ച സംഘത്തിലെ രണ്ട് പ്രതികള്‍കള്‍ക്കായി അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പോവും.
ഓമശേരി ശാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പ്രതികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. മോഷ്ടാക്കള്‍ ഉപയോഗിക്കുന്ന ഫോണ്‍ പിന്തുടര്‍ന്നാണ് സംഘം മഹാരാഷ്ടയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം മുംബൈയില്‍ വില്‍ക്കാനായിരുന്നു തീരുമാനമെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
പ്രതികളുമായി ബന്ധമുള്ളവര്‍ മുംബൈയില്‍ താമസിക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ കവര്‍ച്ചനടത്തിയത്. കവര്‍ച്ച സംഘത്തിലെ നഈം അലി ഖാനെ ജീവനക്കാര്‍ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. നഈം ഇപ്പോള്‍ കോഴിക്കോട് ജയിലിലാണ്. മറ്റ് രണ്ട് പേര്‍ക്കായാണ് പൊലീസ് അന്വേഷണം ഇതര സംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചത്. മൂന്ന് പ്രതികളും ബംഗ്ലാദേശ് സ്വദേശികളാണ്.