India Kerala

ബാബരി കേസിലെ ചരിത്രവിധി വരാന്‍ ഇനി ഒരു മാസം

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ ചരിത്ര വിധി പുറത്തുവരാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പ്. വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര പതിറ്റാണ്ട് കാലം പഴക്കമുള്ള പ്രശ്നത്തിനാണ് ‌കുരുക്കഴിയുന്നത്. അടുത്ത മാസം വിരമിക്കാനിരിക്കെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിക്കുന്ന നിര്‍ണായക വിധി പ്രസ്താവം കൂടിയാകുമത്.

1992 ഡിസംബര്‍ ആറിനാണ് മതേതര ഇന്ത്യയുടെ ചരിത്രത്തിന് വിള്ളല്‍ വീഴ്ത്തി അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശേഷം 27 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാബരി ഭൂമിത്തര്‍ക്കവുമായി കേസില്‍ സുപ്രീംകോടതി തീര്‍പ്പ് കല്പിക്കുന്നത്. അടുത്ത മാസം 17ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുമ്പായി വിധി പ്രസ്താവിക്കും. നവംബര്‍ 15നാണ് ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവര്‍ത്തി ദിവസം. അതിനാല്‍ പതിനഞ്ചിനോ അതിന് മുമ്പുള്ള ദിവസങ്ങളിലോ വിധി വന്നേക്കും. ചീഫ് ജസ്റ്റിസിന്‍റെ ‌കരിയറിലെ തന്നെ നിര്‍ണായക വിധി പ്രസ്താവമാകും ബാബരി ഭൂമിത്തര്‍ക്ക കേസിലേത്.

1528ല്‍ സ്ഥാപിക്കപ്പെട്ട ബാബരി മസ്ജിദ് നാല് നൂറ്റാണ്ടിലധികം മുസ്‍ലിംകളുടെ കൈവശമായിരുന്നു. 1855ന് ശേഷം മാത്രമാണ് ബാബരി പള്ളി രാമജന്മ സ്ഥലമാണെന്ന വാദമുയര്‍ന്നത്. എന്നാല്‍ ബാബര്‍ അധിനിവേശം ചെയ്താണ് രാമന്‍റെ ജന്മ‌ഭൂമി കൈവശപ്പെടുത്തിയതെന്ന വാദമാണ് ഭൂമിത്തര്‍ക്ക കേസില്‍ ഹിന്ദു കക്ഷികള്‍ ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യ എന്ന ഒരു രാഷ്ട്രീയ അസ്ഥിത്വം തന്നെ ഇല്ലാത്ത കാലത്ത് പലരും കടന്നുവന്നിട്ടുണ്ടെന്നും ബാബറുടേത് മാത്രമല്ല ആര്യന്മാരുടേതും അധിനിവേശമായിരുന്നുവെന്നും മറുവാദമുന്നയിച്ച മുസ്‍ലിം കക്ഷിക‌ള്‍, കൈവശാവകാശമാണ് കോടതി പരിശോധിക്കേണ്ടതെന്നും ആവശ്യപ്പെട്ടു. വഖഫ് നിയമമനുസരിച്ച് ഭൂമിക്കവകാശമുണ്ടെന്ന് കോടതിയെ ‌ബോധ്യപ്പെടുത്താനും മുസ്‍ലിം കക്ഷികള്‍ ശ്രമിച്ചു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിക്കുന്ന കോടതി, വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര നൂറ്റാണ്ടിലധികമായി തുടരുന്ന പ്രശ്നത്തിന്‍റെ കുരുക്കഴിയും.