നൈമക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ മൂന്നാറിലെ വനം വകുപ് ഓഫിസ് പരിസരത്തേക്ക് മാറ്റി. വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും.
കടുവയുടെ ആരോഗ്യസ്ഥിതി മനസിലാക്കുകയാണ് ലക്ഷ്യം. ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും. നൈമക്കാടെ കടുവഭീതി പൂർണ്ണമായും ഒഴിവായി എന്ന് വനംവകുപ്പ് പറഞ്ഞു. ജനങ്ങൾ ഇനി ആശങ്കപ്പെടേണ്ടതില്ല.
കടുവയുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ട് എന്ന് സംശയമുണ്ട്. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യവും പരിശോധിക്കും.
മൂന്നാര്‍ രാജമലയില്‍ ഭീതി പടര്‍ത്തിയ കടുവ ഇന്നലെ രാത്രി എട്ടരയ്ക്കാണ് നൈമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിന് സമീപം സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. മിനിറ്റുകള്‍ക്കകം കൂട് വനം വകുപ്പ് പടുതായിട്ട് മറച്ചു. മൂന്നുദിവസമായി ഭീതി പരത്തിയ കടുവയെ കാണാന്‍ നാട്ടുകാരും തടിച്ചുകൂടി. കടുവയെ പിടിച്ചതില്‍ സന്തോഷമെന്നും പ്രദേശത്ത് കൂടുതല്‍ കടുവകള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം കടുവയുടെ പുനരധിവാസം നടപ്പാക്കും. കടുവയെ കൂട് സഹിതം ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന നടപടികള്‍ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. വളര്‍ത്തു മൃഗങ്ങളെ കൊന്ന് ഭീതി പടര്‍ത്തിയ കടുവയെ പിടികൂടിയെങ്കിലും പ്രദേശത്തെ ആളുകളുടെ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.