കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. തമിഴ്‍നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. അന്വേഷണസംഘം ഇന്നലെ കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തിയിരുന്നു.
പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് അതീവ ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിച്ചു. സംഘത്തിന് നേതൃത്വം നല്‍കുന്ന ഡി.ഐ.ജി അനില്‍ കുരുവിള ജോണ്‍ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകളും ഇത് ഉപേക്ഷിക്കപ്പെട്ട സ്ഥലവും പരിശോധിച്ചു. റോഡരികില്‍നിന്ന് വെടിയുണ്ടകള്‍ ആദ്യം കണ്ടവരില്‍ നിന്ന് വിവരങ്ങള്‍ തേടി.
കേസില്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റ അറിയിച്ചിരുന്നു. വെടിയുണ്ട പൊതിഞ്ഞിരുന്ന രണ്ടു പത്രങ്ങളില്‍ ഒന്ന് തമിഴ്‍പത്രമാണ്. ഇതിനാല്‍ തമിഴ്‍നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎയും, മിലിറ്ററി ഇന്റലിജന്‍സും ഇന്നലെ കുളത്തൂപ്പൂഴയിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചിരുന്നു.