India Kerala

അതിതീവ്രമഴയ്ക്ക് ഇനി സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴയക്ക് നേരിയ ശമനം.ഇന്ന് എവിടെയും അതിതീവ്ര മഴയക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. റെഡ് അലര്‍ടില്ല.അതേ സമയം ഇന്ന് രണ്ടു ജില്ലകളിലും നാളെ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ സഹാചര്യത്തില്‍ അതിതീവ്ര മഴയക്ക് സംസ്ഥാനത്തെവിടെയും സാധ്യതയില്ലെന്നും എന്നാല്‍ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ മഴയക്ക് സാധ്യതയുണ്ടെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.എം ജി മനോജ് തേജസ് ന്യൂസിനോട് പറഞ്ഞു. 75 ശതമാനത്തിലധികം പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മഴയുണ്ടാകും.നാലു മുതല്‍ ഏഴുവരെയോ അതല്ലെങ്കില്‍ ഏഴു മുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴയെ ഉണ്ടാകാന്‍ സാധ്യതയുള്ളു.ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി ന്യൂനമര്‍ദം രൂപം കൊണ്ടതായും ഡോ.എം ജി മനോജ് പറഞ്ഞു.നാളെയും മറ്റന്നാളുമായി ഇതിന്റെ ഭാഗമായി ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടനാട് പോലുള്ള മേഖലകള്‍ നിലവില്‍ വെള്ളത്തിലായതിനാല്‍ പുതിയ ന്യൂനമര്‍ദത്തിന്റെ ഭാഗമായി പെയ്യുന്ന മഴ കൂടിയാകുമ്ബോള്‍ സ്ഥിതി എന്താകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഡോ.എം ജി മനോജ് പറഞ്ഞു.