India

ലൈംഗികാതിക്രമ കേസിലെ വിവാദ വിധികള്‍; പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി വെട്ടിച്ചുരുക്കി

ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി സർക്കാർ വെട്ടിച്ചുരുക്കി. വിവാദ വിധികളിലൂടെ ശ്രദ്ധേയയാണ് പുഷ്പ ഗനേഡിവാല. ലൈംഗിക അതിക്രമ കേസുകളിലാണ് പ്രതികൾക്ക് അനുകൂലമായ തരത്തില്‍ പുഷ്പ ഗനേഡിവാല വിവാദ വിധികൾ പുറപ്പെടുവിച്ചത്. ഇതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ സാഹചര്യത്തിലാണ് ഇവർക്ക് സ്ഥിരം നിയമനം നൽകാനുള്ള ശിപാർശ റദ്ദാക്കാൻ കൊളീജിയം തീരുമാനിച്ചത്.

നിലവില്‍ അഡീഷണൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ശിപാർശ നൽകിയിരുന്നു. പിന്നീട് നടന്ന വിവാദ വിധികളുടെ പശ്ചാത്തലത്തിൽ കൊളീജിയം ശിപാർശ പിൻവലിക്കുകയായിരുന്നു. ഫെബ്രുവരി 13ന് നിയമന കാലാവധി അവസാനിച്ച ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് ഒരു വർഷത്തേക്ക് മാത്രമാണ് അഡീഷണൽ ജഡ്ജിയായി നിയമനം നൽകിയിട്ടുള്ളത്. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനു മുൻപ് രണ്ടു വർഷം അഡീഷനൽ ജഡ്ജിയായി നിയമിക്കാറാണ് സാധാരണ പതിവ്.

കഴിഞ്ഞ മാസം ഹിയറിങ് നടന്ന പോക്‌സോ കേസുകളിലാണ് വിചിത്രമായ വിധികളിലൂടെ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയത്. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത്‌ പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്‍റെ കീഴില്‍ വരില്ലെന്ന ഗനേഡിവാലയുടെ വിധി പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചുകൊണ്ട് പ്രതിയുടെ പാന്‍റ്സിന്‍റെ സിപ് തുറക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും പുഷ്പ ഗനേഡിവാലയുടെ പുറപ്പെടുവിച്ചതാണ്