നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. ഡി.സി.സികളിലെ അഴിച്ചു പണി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന നിലപാട് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഡി.സി.സികളില്‍ അഴിച്ചു പണി വേണമെന്നുള്ളതാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും സമാന നിലപാടാണ്.
എന്നാല്‍ കൂടുതല്‍ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റിയാല്‍ അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിക്കും. ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് ഡി.സി.സി അധ്യക്ഷന്മാരെ മറ്റുന്നതില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ വിഷയം ചര്‍ച്ചയാകും.