Kerala

മന്ത്രിസഭാ രൂപീകരണം: അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുവെന്ന് ജോസ് കെ. മാണി

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസു(എം)മായുള്ള ആദ്യഘട്ട ഉഭയകക്ഷി ചർച്ച നടന്നു. മുഖ്യമന്ത്രി, സിപിഎം നേതൃത്വം തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗം കഴിഞ്ഞു പുറത്തെത്തിയ ജോസ് കെ. മാണി പ്രതികരിച്ചു. മന്ത്രിസ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ്(എം) രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, രണ്ടു സ്ഥാനം നൽകാനാകില്ലെന്ന് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയുമാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഇതിൽ ജോസ് കെ. മാണി തൃപ്തനല്ല. അനുകൂലമായ പ്രതികരണമാണോ ഉണ്ടായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചർച്ചകൾ തുടരുമെന്നാണ് ജോസ് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് അറിയുന്നത്. പാലായിൽ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പൂർണമായ വോട്ട് ജോസ് കെ. മാണിക്ക് കിട്ടിയില്ലെന്ന പരാതി കേരള കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അത് ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായതാണു കരുതപ്പെടുന്നത്. അതേസമയം, മറ്റു ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും പുരോഗമിക്കുകയാണ്.

കേരള കോൺഗ്രസിനു പുറമെ ജെഡിഎസുമായും സിപിഎം ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. ജെഡിഎസും എൽജെഡിയും ഒരു പാർട്ടിയായി ലയിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മുന്നോട്ടുവച്ചു. എന്നാൽ, എൽജെഡി ഇതിന് എതിരുനിൽക്കുകയാണ്. ലയനത്തിന് അനുകൂലമായ പ്രതികരണം എൽജെഡിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ജെഡിഎസ് നേതാക്കൾ അറിയിച്ചത്. എന്തായാലും ഇരുരക്ഷികൾക്കുമായി ഒരു മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. ആരു മന്ത്രിയാകുമെന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും അത് അവർ യോഗംചേർന്ന് തീരുമാനിക്കട്ടെയെന്നുമാണ് സിപിഎം നിലപാട്.