കെപിസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് പ്രധാന അജണ്ട. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. ( Aryadan Shaukat will appear before the disciplinary committee today to give explanation )
പലസ്തീൻ ഐക്യദാർഢ്യ സംഗമം പാർട്ടി വിരുദ്ധമോ വിഭാഗീയ പ്രവർത്തനമോ അല്ലെന്നാണ് ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതേ നിലപാട് തന്നെ അച്ചടക്ക സമിതിക്ക് മുന്നിലും ആവർത്തിച്ചേക്കും. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദേശിക്കുക. ഒരാഴ്ച്ചക്കകം റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ നിർദേശം. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴും നേതൃത്വം അതിന് മുതിർന്നേക്കില്ലെന്നാണ് സൂചന.
ഷൗക്കത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നിട്ട് കൂടി തുടർച്ചയായി ഗ്രൂപ്പ് യോഗങ്ങൾ ചേർന്നതും വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചതും നിസാരമായി കാണരുതെന്ന അഭിപ്രായക്കാരും പാർട്ടിയിലുണ്ട്.