നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്.
കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ബി കോം ബിരുദധാരി കൂടിയാണ് അരിത.
നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി അരിത നേതൃത്വം നല്‍കി. ഓണാട്ടുകരയുടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും അരിത ഇടപെടുന്നുണ്ട്.കായംകുളം പുതുപ്പള്ളി വടക്കു കൊച്ചുമുറി അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ്. നിയമ വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പിലാണ് അരിത. മികച്ച സംഘാടകയും പ്രാസംഗികയും കൂടിയാണ്.