Kerala

പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്. 

നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചരം പ്രിയാ വര്‍ഗീസിനില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു.

റിസേര്‍ച്ച് സ്‌കോര്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ അധ്യക്ഷതയിലുള്ള സമിതി പ്രിയാ വര്‍ഗീസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത് എന്നുള്‍പ്പെടെയാണ് ആരോപണം. ഹര്‍ജി പരിഗണിച്ച ശേഷം പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ യുജിസിയെ കക്ഷിയാക്കാനും തീരുമാനിച്ചു. വിഷയത്തില്‍ യുജിസിയുടെ നിലപാടും ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. ഈ മാസം 31ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.