India Kerala

കാബിനറ്റ് യോഗം മാറ്റിവെച്ച് പിണറായി പാലായില്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി

പാലായില്‍ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ആവേശത്തിലാക്കി എ.കെ ആന്റണി. കാബിനറ്റ് യോഗം മാറ്റിവെച്ച് പാലായില്‍ പിണറായി വിജയന്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി പരിഹസിച്ചു. ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.ജെ ജോസഫും പ്രചാരണ യോഗത്തിന് എത്തിയത് നേതാക്കള്‍ക്ക് ആശ്വാസമായി.

പാലാ നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമായിരുന്നു യു.ഡി.എഫിന്റെ മഹാസംഗമം. പാലായില്‍ മൂന്ന് ദിവസം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു എ.കെ ആന്റണിയുടെ ഉദ്ഘാടന പ്രസംഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിണറായിയെ ലക്ഷ്യമിട്ട് ശബരിമലയില്‍ ഊന്നിയായിരുന്നു പ്രസംഗം. കലഹം അവസാനിപ്പിച്ച് പ്രചാരണത്തിന് എത്തിയ പി.ജെ ജോസഫ് കെ.എം മാണിയുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തിയായിരുന്നു സംസാരിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങളായി മുഖ്യമന്ത്രി പറയുന്ന പലതും കെ.എം മാണി ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം.