Kerala

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല’; ചര്‍ച്ചയില്‍ തൃപ്തിയെന്ന് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാമെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. നിയമനിര്‍മാണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഘടനയ്ക്ക് തൃപ്തിയുണ്ടെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നല്ലതാണെന്ന് താരസംഘടന വിലയിരുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യമില്ലെന്ന് ഫിലിം ചേംബര്‍ അംഗങ്ങള്‍ വിലയിരുത്തി.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന നിലപാടില്‍ ഡബ്ല്യൂസിസി ഉറച്ചുനില്‍ക്കുകയാണ്. ഇത്രയും പണവും സമയവും ചെലവഴിച്ചിട്ടും റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നില്ലെന്ന് ഡബ്ല്യൂസിസി പറഞ്ഞു. സര്‍ക്കാരിന്റെ കരടിലെ നിര്‍ദേശങ്ങള്‍ ആര് നടപ്പാക്കുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് മശേഷമായിരുന്നു സംഘടനകളുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.