അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖില്‍ ആര്‍ നായരെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ രണ്ടാംപ്രതി രാഹുല്‍ ആര്‍ നായരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖില്‍ ആര്‍ നായരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്ത് വച്ച് രാഖി മോളെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി നല്‍കി. മറ്റൊരു പെണ്‍കുട്ടിയുമായി ഉറപ്പിച്ച വിവാഹം മുടങ്ങുമെന്ന ഭയത്താലാണ് രാഖിയെ കൊലപ്പെടുത്തിയത്.
രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരുമായി ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പ്രതിയെ അമ്പൂരി തട്ടാമുക്കിലെത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാഖിയുടെ മൊബൈല്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കുറ്റകൃത്യത്തില്‍ അഖിലിന്റെ അച്ഛന്‍ അടക്കമുള്ളവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആദര്‍ശ് പിടിയിലായപ്പോള്‍ കൊലപാതകം സംബന്ധിച്ച് അഖില്‍ അച്ഛനോട് പറഞ്ഞായും സൂചനയുണ്ട്. അതേസമയം രാഖിയുടെ അച്ഛന്‍ രാജന്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങളും പരിശോധിക്കും.