കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും ധർണ്ണയിൽ പങ്കെടുക്കും. പൊലീസ് മാനേജ്മെന്റിന് ഒപ്പമാണെന്ന് ആരോപിച്ച കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.
അതേസമയം, കോളജിൽ വൻ പൊലീസ് സുരക്ഷയിൽ ക്ലാസുകൾ പുരോഗമിക്കുകായാണ്. ശ്രദ്ധയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് അയച്ച ശ്രദ്ധയുടെ മൊബൈൽ ഫോണിന്റെയും മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിന്റെയും ഫലം ഉടൻ അന്വേഷണ സംഘത്തിന് ലഭിക്കും.
ശ്രദ്ധയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയായ കോളജ് വാർഡൻ സിസ്റ്റർ മായയെ ചുമതലകളിൽ നിന്ന് മാറ്റി. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ല. ശ്രദ്ധയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളജിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്.
രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അമൽ ജ്യോതി എൻജിനീയറിങ് കോളജ് താത്ക്കാലികമായി അടച്ചിട്ടത്. വിദ്യാർത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളജ് മാനേജ്‌മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളജിന് സംരക്ഷണം തേടുകയുമായിരുന്നു.