കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ചാത്തലത്തിൽ എറണാകുളത്തെ ആലുവ നഗരസഭയിലും സമീപത്തെ 7 പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നു. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപെടുത്തിയിരിക്കുന്നത്. മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്നാണ് വിലയിരുത്തൽ.
കൊവിഡ് തീവ്ര വ്യാപന ആശങ്ക ശക്തമായതോടെയാണ് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ.
കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങൾ ഒന്നിച്ച് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കും. കർഫ്യൂ മേഖലയിൽ രാവിലെ ഏഴു മുതൽ ഒൻപത് മണി വരെയാണ് മൊത്തവിതരണം അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാനുള്ള അനുമതി. വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ചടങ്ങുകൾക്കും മുൻകൂർ അനുമതി വാങ്ങണം
ജില്ലയിൽ രണ്ട് ദിവസത്തിനിടെ 157 പേർക്കാണ് സമ്പർക്കത്തിലുടെ രോഗം ബാധിച്ചത്. ഇന്നലെ 92 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇതിൽ 82 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. കീഴ്മാട്, കുഴിപ്പള്ളി, തൃക്കാക്കര എന്നിവിടങ്ങളിലെ മൂന്ന് കന്യാസ്ത്രീ മഠങ്ങളിലെ 20 പേർക്ക് രോഗം ബാധിച്ചു. ആലുവ ക്ലസ്റ്ററിൽ 13 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 6 പേർക്കും ചെല്ലാനത്ത് ഒരാൾക്കുമാണ് രോഗബാധ. ചെല്ലാനത്ത് ഇതുവരെ 224 പേർക്കാണ് രോഗം ബാധിച്ചത്. കടൽക്ഷോഭം ദുരിതം വിതയ്ക്കുന്ന ചെല്ലാനത്ത് പ്രത്യേക ഇടപെടൽ ആരംഭിച്ചതായാണ് സർക്കാർ വാദം. ഇടപ്പള്ളിയിൽ മാത്രം ഇന്നലെ 5 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തൃക്കാക്കരയിലെ ഒരു വൈദികനും കൊവിഡ് ബാധ സ്ഥീരികരിച്ചു. ജില്ലയിൽ 987 പേരാണ് രോഗം ബാധിച്ച് ചികാത്സയിൽ കഴിയുന്നത്.