Kerala

ആലുവ നഗരസഭ പൂര്‍ണമായി അടച്ചു; എറണാകുളം അതീവ ജാഗ്രതയില്‍

ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍. നിലവില്‍ ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്ത ആലുവ നഗരസഭ പൂര്‍ണമായി അടച്ചു. കീഴ്മാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി. ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള രോഗവ്യാപനവും കൂടിയതോടെയാണ് ആലുവ നഗരസഭ പൂര്‍ണമായി അടക്കാന്‍ തീരുമാനിച്ചത്. ആലുവക്ക് പുറമെ കീഴ്മാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതിന് പുറമെ ചെങ്ങമനാട്, കരുമാലൂര്‍, തൃപ്പൂണിത്തുറ, എടത്തല, വാഴക്കുളം, നീലീശ്വരം, വടക്കേക്കര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വാര്‍ഡുകള്‍, കൊച്ചിന്‍ കോര്‍പറേഷനിലെ 66ആം ഡിവിഷന്‍ തുടങ്ങിയവയാണ് പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍. മുനമ്പം മേഖലയിൽ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളതെങ്കിലും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം കൂടുതൽ ആയതിനാൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്.

ജില്ലയിൽ 14 പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ ഉണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഏറ്റവും ഒടുവില്‍ ജില്ലയില്‍ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 229 ആയി.