India Kerala

ആലപ്പാട് കരിമണല്‍ ഖനനം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

ആലപ്പാട് കരിമണല്‍ ഖനന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്തായിരിക്കും യോഗം നടക്കുക. ആലപ്പാട്ടെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞെങ്കിലും, ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരസമിതി.

കേന്ദ്രപൊതുമേഖല സ്ഥാപനമായ ഐആര്‍ഇ നടത്തുന്ന അശാസ്ത്രീയ ഖനനം മൂലം ഭൂവിസ്തൃതി കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പാട്ട് സമരം തുടങ്ങിയത്. 72 ദിവസം പിന്നിട്ട സമരത്തിന് സാമൂഹികമാധ്യമങ്ങളി ലൂടെ വലിയ പിന്തുണ ലഭിച്ചിരുന്നു. സമരം കേരളം സജീവമായി ചര്‍ച്ച ചെയ്ത് തുടങ്ങിയതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചത്. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ വ്യവസായമന്ത്രിയും,ഐആര്‍ഇ ഉദ്യോഗസ്ഥരും പങ്കെടുക്കും. ആലപ്പാട്ടെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനും വ്യക്തമാക്കി.

അതിനിടെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. എന്നാല്‍ ഖനനം നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്നാണ് സമരസമിതിയുടെ നിലപാട്. സമരത്തിൽ ഇടപെടാൻ സർക്കാർ വൈകിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും,ജനങ്ങളുടെ ആശങ്ക പരിഗണിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി.