പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരുവരും സമർപ്പിച്ച ജാമ്യ ഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. കടുത്ത ഉപാധികളോടെയാണ് ജാമ്യം.
അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.
വിദ്യാർത്ഥികളായിരുന്ന ഇരുവരേയും 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവരുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം കേരളാ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാൽ യുഎപിഎ ചുമത്തിയതോടെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.