Kerala

എ.കെ.ജി സെന്റർ ആക്രമണ കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

എ.കെ.ജി സെന്റർ ആക്രമണ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂധനന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രാഥമിക തെളിവുകളെല്ലാം ശേഖരിച്ച പ്രത്യേക സംഘത്തിനു കിട്ടാത്ത പ്രതിയെ എങ്ങനെ ക്രൈംബ്രാഞ്ച് പിടികൂടുമെന്നാണ് ആകാംക്ഷ.

അന്വേഷണം ആരംഭിച്ചു ഒരു മാസമാകാറായിട്ടും എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ പിടികൂടാത്തതിന് ആഭ്യന്തര വകുപ്പിനും പൊലീസിനും വലിയ പഴി കേട്ടിരുന്നു. അന്വേഷണം കൈമാറി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ സംഘത്തെ തീരുമാനിക്കാത്തതും വിമർശനങ്ങൾക്ക് വഴിയൊരുക്കി. പ്രതിരോധത്തിലായതോടെ ഇന്നലെ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനാണ് അന്വേഷണ സംഘത്തലവൻ.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങൾക്ക് പിന്നാലെ കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചന കേസും എസ്.പി എസ്. മധുസൂദനൻ തന്നെയാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി.എസ്.ദിനരാജും അന്വേഷണ സംഘത്തിലുണ്ട്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്നലെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഐ.പി.സി 436, എക്സ്പ്ലോസീവ് ആക്ടിലെ 3(A) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് ഇത് വരെ അന്വേഷിച്ച പ്രത്യേക സംഘം ആദ്യം സിസിഴ്ടിവി ദൃശ്യങ്ങൾക്ക് പിന്നാലെയും, അക്രമി സഞ്ചരിച്ച സ്‌കൂട്ടർ തപ്പിയും, ഒടുവിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുമെല്ലാം അന്വേഷണം നടത്തിയിരുന്നു. എന്നാൽ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ അക്രമിയെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. പ്രത്യേക സംഘം കാടിളക്കി അന്വേഷണം നടത്തിയിട്ടും കിട്ടാത്ത പ്രതിയെ ക്രൈംബ്രാഞ്ച് എങ്ങനെ കണ്ടെത്തും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.