India Kerala

ചികിത്സക്ക് സഹായം തേടി അജിത്; അരയ്ക്ക് താഴേക്ക് തളര്‍ന്നിട്ട് അഞ്ചുവര്‍ഷം

കൊല്ലം ചെന്താപ്പൂര്‍ സ്വദേശിയായ അജിത് അരയ്ക്ക് താഴേക്ക് തളര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. വെല്‍ഡിങ് ജോലിക്കിടെ അടൂരില്‍ വെച്ചാണ് രണ്ടാം നിലയില്‍ നിന്നും താഴെവീണ് അപകടമുണ്ടായത്. ചികിത്സിച്ചാല്‍ എഴുന്നേറ്റ് നടക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് ഈ കുടുംബം.

ഭാര്യ വിജയയും മക്കളായ അജിലും ശ്രീബാലയുമടങ്ങുന്ന കുടുംബത്തിന് അജിത് ഏക അത്താണിയായിരുന്നു. കുടുംബത്തിന്റെ ചെലവിന് പുറമെ ജന്മനാ കഴുത്തിന് താഴേക്ക് തളര്‍ന്നുപോയ മകന്‍ അജിലിന്റെ ചികിത്സയും അജിതിന് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നിട്ടും എഴുന്നേല്‍ക്കാനോ, ഇരിക്കാനോ സാധിക്കാതെ കട്ടിലില്‍ കിടക്കുക മാത്രം ചെയ്യുന്ന മകന്റെ ചികിത്സയായിരുന്നു അജിത്തിന്റെ മനസുമുഴുവന്‍. പക്ഷേ 2013ല്‍ ജോലിക്കിടെ രണ്ടാംനിലയില്‍ നിന്നും അജിത് വീണതോടെ ഈ കുടുംബവും വീണുപോയി.

തളര്‍ന്നുകിടക്കുന്ന മകന്റെയടുത്ത് കഴിഞ്ഞ അ‍ഞ്ചു വര്‍ഷമായി ഈ അച്ഛനും അരയ്ക്ക് താഴേക്ക് തളര്‍ന്നുകിടക്കുകയാണ്. ഒന്നരമാസം മുമ്പ് തുടങ്ങിയ ആയുര്‍വേദ ചികിത്സ തുടര്‍ന്നാല്‍ അജിത്തിന് എഴുന്നേറ്റ് നടക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എഴുന്നേറ്റിരിക്കാനായാല്‍ കഴിയുന്ന ജോലി ചെയ്ത് കുടുംബം പോറ്റണമെന്നാണ് അജിതിന്റെ ആഗ്രഹം.

പക്ഷേ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് ചികിത്സാചെലവ് താങ്ങാനാകുന്നില്ല. ഒന്നെണീറ്റിരിക്കാന്‍, കഴിയുന്ന ജോലി ചെയ്തുജീവിക്കാന്‍ കരുണയുള്ളവരുടെ കനിവ് തേടുകയാണ് ഈ കുടുംബം.