വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാക്കി. രോഗ വാഹകരാകാന്നുളള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിലേക്ക് ആരേയും പ്രവേശിപ്പിക്കില്ല.
മാനന്തവാടി നഗരസഭയിലെ വാർഡ് 33 ലും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 15ലുമുള്ള പന്നി ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരു ഫാമിലെ പന്നികൾ പൂർണ്ണമായും ചത്തു. തവിഞ്ഞാലിലെ ഫാമിൽ ചത്ത പന്നിയെ പരിശോധിച്ചതിൽ വൈറസ് ബാധ കണ്ടെത്തി. പ്രതിരോധ നടപടികൾക്ക് മൃഗ സംരക്ഷണ വകുപ്പ് തുടക്കമിട്ടു. രോഗ പ്രഭവ കേന്ദ്രത്തിൻറെ ഒരു
കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊന്നൊടുക്കും. രോഗബാധ കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മുന്നൂറോളം പന്നികൾ നിലവിലുണ്ട്.
ഡോക്ടർമാർ അടങ്ങിയ പ്രത്യേക സംഘം പന്നികളെ കൊന്നൊടുക്കും.അ തുടർന്ന് ജനവാസമില്ലാത്തയിടങ്ങളിൽ ആഴത്തിൽ കുഴിയെടുത്ത് മൂടുകയോ കത്തിക്കുകയോ ചെയ്യും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നും പന്നികളെ കൊണ്ടുപോകാനും പന്നിമാംസം വിതരണം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും കർശന വിലക്കുണ്ട്. മനുഷ്യരിലേക്ക് രോഗം പകരില്ലെങ്കിലും വൈറസിൻറെ വാഹകരാകാൻ സാധ്യതയുള്ളതിനാൽ പുറത്ത് നിന്നുള്ളവരെ ഫാമിലേക്ക് പ്രവേശിപ്പിക്കില്ല.