India Kerala

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്ന് 580 സര്‍വീസുകള്‍ മുടങ്ങി. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ മാത്രമേ വെട്ടിക്കുറക്കാവൂ എന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഹൈക്കോടതിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി മീഡിയവണിനോട് പറഞ്ഞു.

ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ പ്രശ്നത്തില്‍ കര്‍ണാടകവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും യാഥാര്‍ത്ഥ്യ ബോധ്യത്തോട് നിലപാട് എടുക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. വനത്തിലൂടെയല്ലാതെ ബദല്‍പാത പോലും സാധ്യമല്ല. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബദല്‍പാത 20 കിലോമീറ്ററോളം വനത്തിലൂടെയാണ്. മാത്രമല്ല രാജ്യത്ത് പലയിടത്തും വനത്തിലൂടെ ദേശീയ പാതയുണ്ട്. അതിനാല്‍ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ കേന്ദ്രവും കര്‍ണാടകവും തയ്യാറാല്‍ പ്രശ്നം പരിഹരിക്കപ്പെടും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ച പുതിയ സമിതിയില്‍ പ്രതീക്ഷയുണ്ടെന്നും എ കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.