Kerala

സ്ത്രീസുരക്ഷയിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്: പി സതീദേവി

മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കൂടി വരുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. വാർത്ത ചാനലുകളിലെ ചർച്ചകളിൽ സ്ത്രീവിരുദ്ധ പരാമർശ രീതികൾ തുടരുന്നത് നിർത്തണമെന്ന് പി സതീദേവി ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ മാധ്യമങ്ങളുമായി ചർച്ച നടത്തി മാർഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീസംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും പി സതീദേവി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിലെ ‘ന്യൂസ് അവർ’ ചർച്ചയ്ക്കിടെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് പി സതീദേവി വ്യക്തമാക്കി. മാധ്യമ പ്രവർത്തകന്റെ പരാമർശം ഏറെ ഗൗരവമുള്ളതാണ്. സ്ത്രീകളുടെ അന്തസ്സിന് പോറൽ ഏൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ല. അഡ്വ .മനീഷ രാധാകൃഷ്ണന്റെ പരാതി നാളെ നേരിട്ട് കേൾക്കുമെന്നും കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു. മാധ്യമപ്രവർത്തകന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത് കൂടുതൽ ശിക്ഷ അർഹിക്കുന്നതാണെന്നും പി. സതീദേവി കൂട്ടിച്ചേർത്തു.

ചർച്ചയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ ഭാഗത്തുനിന്നാണ് വിവാദ പരാമർശം ഉണ്ടായത്. റോയ് മാത്യു നടത്തുന്ന അതിരൂക്ഷമായ അധിക്ഷേപത്തെ അവതാരകൻ വിനു പിന്തുണയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.