കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ജലക്കാഴ്ചകളിലൂടെ ഓളപ്പരപ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കുട്ടനാടൻ കായലിന്റെ വിശാലതയും സുഖശീതളിമയും കുറഞ്ഞ ചെലവിൽ ജലസഞ്ചാരപ്രേമികൾക്ക് ഇനി കൂടുതൽ നേരം ആസ്വദിക്കാം. കപ്പലിലുള്ള അത്ര സുരക്ഷയോടെയാണ് ജലഗതാഗത വകുപ്പ് ഈ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. വേഗ-2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കാറ്റമറൈൻ ബോട്ടിന് 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിൽ 120 യാത്രക്കാർക്ക് സുഖമായിരുന്ന് യാത്ര ചെയ്യാം. അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് നോൺ എസിക്ക് നാനൂറ് രൂപയും, എയർകണ്ടീഷൻ ക്യാബിന് 600 രൂപയുമാണ് നിരക്ക്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുട്ടനാടിന്റെ കായൽത്തീര ഭംഗി പരമാവധി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ബോട്ട് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. 40 എസി സീറ്റുകളും 80 നോൺ എസി സീറ്റുകളുമാണ് വേഗബോട്ടിലുളളത്. 11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര പുറപ്പെടുന്ന വേഗബോട്ട് പുന്നമടക്കായലിലെ ഫിനിഷിംഗ് പോയിന്റിലൂടെ സഞ്ചരിച്ച് വേമ്പനാട്ട് കായലിന്റെ ഹൃദയഭാഗത്തൂടെ ഒഴുകി മുഹമ്മയും കടന്ന് പക്ഷി നിരീക്ഷകരുടെ പറുദീസയായ പാതിരാമണലിൽ എത്തുന്നു.
ഉച്ചയൂണിനും ഹരിതാഭമായ പാതിരാമണൽ കാഴ്ച്ചക്കും അവിടെ ഒരു മണിക്കൂർ സമയം ലഭിക്കും. കുടുംബശ്രീയിലെ ചേച്ചിമാർ വിളമ്പുന്ന ഉച്ചയൂണിൽ കുട്ടനാടൻ മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കയിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നീ വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത്രയും വിഭവങ്ങളടങ്ങിയ ഊണിന് വെറും 100 രൂപ മാത്രം. സ്പെഷ്യൽ എന്തെങ്കിലും വേണമെങ്കിൽ നേരത്തേ വിളിച്ച് പറഞ്ഞാൽ അവർ തയ്യാറാക്കി കൊണ്ടുവരും. തുച്ഛമായ ചാർജ്ജ് ഇടാക്കുന്ന കുടുംബശ്രീയുടെ ഉച്ചഭക്ഷണത്തിന് പുറമേ ചായ, പഴംപൊരി, പരിപ്പ് വട തുടങ്ങിയ നാലുമണി പലഹാരങ്ങളും, ഐസ്ക്രീമും കുറഞ്ഞ നിരക്കിൽ ബോട്ടിൽ ലഭ്യമാണ്.
പാതിരാമണലിൽ നിന്ന് രണ്ട് മണിയ്ക്ക് യാത്ര തിരിക്കുന്ന ബോട്ട് കുമരകം കായലോരത്തെ കുരിശടി വഴി ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി ബ്ലോക്ക്, മംഗലശേരി, കുപ്പപ്പുറം എന്നീ സ്ഥലങ്ങളെല്ലാം ചുറ്റിക്കറങ്ങി കുട്ടനാടൻ കായത്തീര ഹരിത ഭംഗി കുറേയെല്ലാം കാണിച്ച് തന്നിട്ടാണ് വേഗ ബോട്ട് ആലപ്പുഴ ജട്ടിയിൽ തിരികെ എത്തുന്നത്. യാത്രക്കാരുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന ഈ യാത്രയിലൂടെ കേരളത്തിന്റെ ഹോളണ്ടായ കുട്ടനാടിന്റെ കായലോര ജീവിതം കുറെയൊക്കെ കണ്ടറിയാം. ജലഗതാഗത വകുപ്പിന്റെ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ഈ അഞ്ചു മണിക്കൂർ ജലയാത്ര ഒരോ മലയാളിയും ഒരിക്കലെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണ്.
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
9400050322, 9400050324, 9400050327.