Kerala

കരാറൊപ്പിട്ടു: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ കരാറും തിരുവനന്തപുരത്തിന് പുറമേ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം വരുന്ന 50 വര്‍ഷത്തേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവ അദാനി എയർപോർട്ട്സ് ലിമിറ്റഡിനായിരിക്കും.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നൽകിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേല നടപടികളിൽ പാളിച്ചകളുണ്ടെന്നും കാണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി. അതിനിടയിലാണ് ഇപ്പോള്‍ എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.