Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാർഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രേഖപ്പെടുത്താതെ തുറന്നുപരിശോധിച്ചത് അനധികൃതമാണ്. മെമ്മറി കാർഡ് പരിശോധനാഫലം വിചാരണ കോടതി ക്രൈംബ്രാഞ്ചിനു കൈമാറി.

ഹാഷ് വാല്യു മാറിയതിന് പ്രതിഭാഗം നൽകുന്ന വിശദീകരണം, മെമ്മറി കാർഡ് വെറുതെ തുറന്നുനോക്കിയാലും ഹാഷ് വാല്യു മാറുമെന്നാണ്. എന്നാൽ കേവലം തുറന്നുപരിശോധിച്ചാൽ ഹാഷ് വാല്യു മാറില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുകയോ രേഖകൾ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താൽ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ എന്നാണ് ഇവർ പറയുന്നത്. എന്നാൽ, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കിൽ പോലും അത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിന് കോടതികളിൽ രേഖയില്ല. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് വാദം.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണൽ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് ആർ.ശ്രീലേഖയ്‌ക്കെതിരെ പരാതി നൽകിയത്. പൾസർ സുനിക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയിൽ ഉന്നയിക്കുന്നു.

സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടൽ പോലും ഇവർ നടത്തിയില്ല. മുൻ ജയിൽ ഡിജിപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ പറയുന്നു.