Kerala

ദിലീപ് തെളിവ് നശിപ്പി‌ച്ചു; ഫോണില്‍ കൃത്രിമം നടത്തി; ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്ട്. മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തു. ഫോറന്‍സിക് ഫോറന്‍സിക് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ഇന്ന് കോടതിയിൽ ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

ഫോണുകളിലെ വിവരങ്ങൾ ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നും മൊഴിയുണ്ടെന്നും അറിയിച്ചു. ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്‌ക് അഭിഭാഷകർക്ക് കൈമാറിയിരുന്നു. അതേസമയം, ലാബിലെ ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിൻസൻ ചൊവ്വല്ലൂർ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകൾ പൊലീസിന് കൈമാറിയിരുന്നത്.