Kerala

കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായി: വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നും നടി അറിയിച്ചു.

വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതി. നടി മുന്‍പ് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോഴങ്ങനെ ഒരാവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി