നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. ഇരയായ നടിയുടെ വിസ്താരമായിരിക്കും ഇന്ന് നടക്കുക. കേസില്‍ ഒന്നാം പ്രതി ജയിലിൽ നിന്ന് ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ വേണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലിൽ നിന്ന് ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ വേണമെന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപിനെ പണത്തിനായി ഭീഷണിപ്പെടുത്തി എന്ന കുറ്റം ഒന്നാം പ്രതിക്കെതിരെ ചുമത്തിയത് വിചാരണ കോടതിക്ക് സംഭവിച്ച സാങ്കേതിക പിഴവാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്നും ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസും നടിയെ അക്രമിച്ച കേസും പ്രത്യേക വിചാരണ വേണമെണമെന്നവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പൾസർ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതല്ലെന്നും കരാർ പ്രകാരം പണം ചോദിച്ചതാണെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
വിചാരണ തടസപ്പെടുത്താൻ 30 ൽ അധികം ഹരജികൾ ദിലീപ് വിവിധ കോടതിയിലായി നൽകി. അതിന്റെ ഭാഗമാണീ ഹർജിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചു വിചാരണ തടസ്സപ്പെടുത്താനും കോടതിയെ ആശയക്കുഴപ്പത്തിൽ അക്കാനുമാണ് ദിലീപിന്റെ ശ്രമം.
ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തിലില്ല. എന്നാൽ കുറ്റം ചുമത്തിയപ്പോൾ വിചാരണ കോടതിക്ക് സാങ്കേതിക പിഴവ് സംഭവിച്ചതാണന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഈ പിഴവ് തിരുത്താൻ അപേക്ഷ നൽകാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇന്ന നടക്കുന്ന വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചിട്ടില്ല. ഇന്ന് രാവിലെ ഹൈക്കോടതി ദിലീപിന്റെ ഹരജിയിൽ വിധി പറഞ്ഞേക്കും.