India Kerala

മുല്ലപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റക്ക് അനുമതി

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.

പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഏപ്രിലില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമര്‍ശം മാനഹാനി ഉണ്ടാക്കുന്നതാണെന്നും പൊതുജനങ്ങള്‍ക്കടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആഭ്യന്തര സെക്രട്ടറിയാണ് ഡി.ജി.പിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അനുമതി നല്‍കിയത്. സംസ്ഥാന പൊലീസ് മേധാവി ഒരു പാര്‍ട്ടി അധ്യക്ഷനെതിരെ ഇത്തരത്തില്‍ മാനനഷ്ടക്കേസ് നല്‍കുന്നത് അപൂര്‍വ സംഭവമാണ്.