മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതിൽ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്.
അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തെങ്കിലും 15 പേർക്ക് കോടതി ജാമ്യം അനുവദിച്ചു. 4 പ്രതികള്‍ മാത്രമാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥി മുഹമ്മദാണ് ഒന്നാം പ്രതി. കൊലപാതകം, സംഘം ചേർന്ന് മർദ്ദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ 1 മുതല്‍ 16 വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഇവരുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. രണ്ടാം ഘട്ട കുറ്റപത്രം വൈകാതെ സമർപ്പിക്കും. കേസില്‍ 8 പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്.