India Kerala

സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വെ എടുത്ത് മാറ്റിയതില്‍ എം.പിയുടെ പ്രതിഷേധം

കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി റെയില്‍വെക്ക് നല്‍കാനുള്ള 55 ലക്ഷം രൂപ ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്. പണം അടച്ചാല്‍ ഉടന് പരസ്യബോര്‍ഡ് പുനസ്ഥാപിക്കാമെന്ന് റെയില്‍വെ ഉറപ്പ് നല്‍കി. പി.ആര്‍.ഡി വഴി സ്വകാര്യ പരസ്യക്കമ്പനിക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പരസ്യകമ്പനിയും റെയില്‍വെയും തമ്മിലുള്ള കരാറില്‍ 55 ലക്ഷം രൂപയുടെ കുടിശ്ശിക വന്നു. ഇതേ തുടര്ന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ റെയില്‍വെ തന്നെ നിര്‍ദേശം നല്‍കുകായിരുന്നു. ചില ബോര്‍ഡുകള്‍ എടുത്തു മാറ്റിയപ്പോള്‍ ചിലത് മറച്ചുവെച്ചു. സംഭവമറിഞ്ഞ് സമ്പത്ത് എം.പിയുടെ നേതൃത്വത്തില്‍ ഇടത് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൌശികിനെയും ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ രാജേഷ് ചന്ദ്രനെയും ഉപരോധിച്ചു. പ്രതിഷേധം ഒന്നരമണിക്കൂറിലേറെ നീണ്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി എ.സമ്പത്ത് എം.പി ആരോപിച്ചു.

പണം നല്‍കിയാല്‍ ഉടന്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുമെന്നാണ് റെയില്‍വെയുടെ നിലപാട്. മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവരും സമ്പത്തിനൊപ്പം ഉണ്ടായിരുന്നു.