India Kerala

തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറി

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു.

തുടർന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്. ഉടൻ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.