Kerala

സ്ഥാനാർഥി നിർണയത്തില്‍ ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് ഹൈക്കമാന്‍ഡ്; പ്രചാരണത്തിന് ആന്‍റണിയെത്തും

കോൺഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ സജീവമായി എ കെ ആന്‍റണി ഉണ്ടാകും. പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും. സീറ്റ് വിഭജനം മാനദണ്ഡങ്ങൾ തകർത്തുള്ള ഗ്രൂപ്പ് വീതം വെപ്പ് ആകരുതെന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരുള്ള ഡിസിസികളിൽ മാത്രമാണ് അഴിച്ചു പണി.

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് ഇന്ന് നടത്തും. അതോടൊപ്പം എ കെ ആന്‍റണിയെ കൂടി രംഗത്ത് ഇറക്കുകയാണ് ഹൈക്കമാൻഡ്. കൂട്ടായ നേതൃത്വത്തിലൂടെ ഭരണം പിടിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഹൈക്കമാന്‍ഡ് ഇടപെടൽ ഉറപ്പാക്കാനുമാകും. പ്രചാരണത്തിന്‍റെ അവസാന ഒരു മാസം കേരളത്തിൽ ആന്‍റണി സജീവമായുണ്ടാകും.

സ്ഥാനാർഥി നിർണയം ഗ്രൂപ്പ് വീതം വെപ്പ് ആകാതെ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നാണ് രാഹുൽ ഗാന്ധി നൽകിയ നിർദേശം. നേതാക്കളുടെ പിന്തുണ ഇല്ലാത്തവരെ വെട്ടുന്ന അവസ്ഥ പാടില്ല. പൊതുസമ്മതരായ പുതുമുഖങ്ങളെ കൊണ്ടുവരാം. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ കേരള എംപിമാരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും.

കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്ത് എത്തുന്നതോടെ പ്രചാരണ തന്ത്രങ്ങളിൽ പ്രാഥമിക ചർച്ചകൾക്ക് തുടക്കമിടും. ഡിസിസികളിൽ വിപുലമായ അഴിച്ചുപണി വേണ്ടെന്നും ഹൈക്കമാൻഡ് തീരുമാനിച്ചു. ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് അധ്യക്ഷന്മാരെ മാറ്റും.