Kerala

കൊല്ലം മെഡിക്കല്‍ കോളജ് വികസനത്തിന് 22.92 കോടി അനുവദിച്ചു: മന്ത്രി വീണാ ജോര്‍ജ്

കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്. കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊല്ലം മെഡിക്കല്‍ കോളജിന് നഴ്‌സിംഗ് കോളജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളജില്‍ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉള്‍പ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി. ആദ്യ എംബിബിഎസ് ബാച്ച് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചു. 2022-23 വര്‍ഷത്തേയ്ക്കുള്ള എബിബിഎസ് വിദ്യാര്‍ത്ഥി പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.