Kerala

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനം പേരും 45 വയസ്സിന് മുകളിലുള്ളവര്‍

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനം പേരും 45 വയസ്സിന് മുകളിലുള്ളവര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന് പ്രത്യേക കരുതല്‍ നല്‍കണമെന്ന് ആരോഗ്യ സെക്രട്ടറി രാഗേഷ് ഭൂഷണ്‍ പറഞ്ഞു.

രാജ്യം മൂന്നാം ഘട്ട കോവിഡ് വാക്സിനേഷനിലേക്ക് കടക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും.

രണ്ട് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധനയാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. മഹാരാഷ്ട്രയും പഞ്ചാബുമാണ് ആ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയിലെ പുനെ, നാഗ്പൂര്‍, മുംബൈ, നാസിക്, താനെ എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. പഞ്ചാബില്‍ ജലന്ധര്‍, എസ്എഎസ് നഗര്‍, ലുധിയാന, പാട്യാല, ഹൊഷിയാര്‍പുര്‍ എന്നീ ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതലുള്ളത്.

ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഛത്തിസ്ഗഡ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്. കേരളം ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ 92 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.