Kerala

65 വാക്കുകൾക്ക് വിലക്ക്; പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ അൺപാർലമെന്ററി വാക്കുകളുടെ പുതിയ പട്ടികയെയാണ് രാഹുൽ പരിഹസിച്ചത്. ചുരുക്കിപ്പറഞ്ഞാൽ “പ്രധാൻ ജി” യെ പറ്റി ആരും ഒന്നും പറയരുത്! എന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചർച്ചയിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിവരിക്കുന്ന പദങ്ങളാണ് കേന്ദ്രം നിരോധിച്ചതെന്ന അർത്ഥത്തിലാണ് രാഹുൽ പോസ്റ്റിട്ടിരിക്കുന്നത്.

കോൺഗ്രസിന്റെയും ടിഎംസിയുടെയും പല വലിയ നേതാക്കളും ഈ പട്ടികയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അഴിമതിയെ ഇനി മാസ്റ്റർസ്ട്രോക്ക് എന്ന് വിളിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പാർലമെന്റിൽ കർഷകർക്ക് പ്രക്ഷോഭകൻ എന്ന വാക്ക് ആരാണ് ഉപയോഗിച്ചതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോൺഗ്രസ് എംപി അഭിഷേക് സിംഗ്വിയും ടിഎംസി എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. പാർലമെന്റിൽ ‘സത്യം’ സംസാരിക്കുന്നതും അൺപാർലമെന്ററി ആകുമെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. സഭയിൽ പ്രതിപക്ഷ നേതാക്കൾക്ക് സർക്കാരിനെ വിമർശിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ പാർലമെന്റിന്റെ പ്രാധാന്യമെന്തായിരിക്കും എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

ഇതാണ് ആ 65 വാക്കുകൾ

അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സഹായൻ, ബധിര സർക്കാർ, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, ബോബ്കട്ട്, കൊവിഡ് പരത്തുന്നയാൾ, പാദസേവ, കളങ്കം, പാദസേവകൻ, ചതിച്ചു, അടിമ, ബാലിശം, അഴിമതിക്കാരൻ, ഭീരു, ക്രിമിനൽ, മുതലക്കണ്ണീർ, കയ്യൂക്ക് രാഷ്ട്രീയം, ദല്ലാൾ, കലാപം, കൊട്ടിഘോഷിക്കുക, സ്വേച്ഛാധിപത്യപരമായ, ചാരവൃത്തി, ഏകാധിപതി, ജയ്ചന്ദ്, ഇരട്ട മുഖം, കഴുത, നാടകം, കണ്ണിൽപൊടി, വിഡ്ഡിത്തം, അസംബന്ധം, രാജ്യദ്രോഹി, ഓന്തിനെ പോലെ സ്വഭാവം മാറുന്നയാൾ, ഗുണ്ടകൾ, ഗുണ്ടായിസം, കാപട്യം, സാമർഥ്യമില്ലാത്ത, ഏകാധിപത്യം, അവാസ്തവം, ശകുനി, വാചക കസർത്ത്, കരിഞ്ചന്ത, ഖലിസ്താനി, വിലപേശൽ, രക്തദാഹി, നുണ, ലോലിപോപ്പ്, തെറ്റിദ്ധരിപ്പിക്കുക, നാട്യക്കാരൻ, ഉപകാരമില്ലാത്തവൻ, ചരടുവലിക്കുന്നവൻ, വിവേകമില്ലാത്ത, വിനാശകാരി, വിശ്വാസഹത്യ, ലൈംഗികാതിക്രമം.