Kerala

കോഴിക്കോട് കോവിഡ് ബാധിച്ചവരുടെ എണ്ണം 50 ആയി

കോഴിക്കോട് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 25 പേര്‍ക്ക് രോഗം ഭേദമായി

നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 50 ആയി. ചെന്നൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ നാല് പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൌസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ചികിത്സയിലാണ്.

മെയ് 11ന് ചെന്നൈയില്‍ നിന്നും കാര്‍മാര്‍ഗം എത്തിയ ഏറാമല സ്വദേശികളായ രണ്ട് പേര്‍ക്കും ദുബൈ, റിയാദ് എന്നിവിടങ്ങളില്‍ നിന്നായെത്തിയ രണ്ട് പ്രവാസികള്‍ക്കുമാണ് പുതുതായി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്നവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 12ന് ദുബൈയില്‍ നിന്നെത്തിയ നാദാപുരം സ്വദേശി വടകരയിലെ കോറോണ കെയര്‍ സെന്‍ററിലാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. മെയ് 19ന് റിയാദില്‍ നിന്നും കരിപ്പൂരിലെത്തിയ കട്ടിപ്പാറ സ്വദേശി താമരശേരി കെയര്‍ സെന്‍ററിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ്സെന്‍ററിലേക്ക് മാറ്റി.

കോഴിക്കോട് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 25 പേര്‍ക്ക് രോഗം ഭേദമായിരുന്നു. ബാക്കി 25 പേരില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 8 പേര്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലുമാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ 852 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7709 ആയി.

49 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

18 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) വന്നവരാണ്. 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നവരാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.