Kerala

പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾക്ക് 40 വർഷം കഠിന തടവ്

പതിനൊന്നുകാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ചിറയിൻകീഴ് അക്കോട്ടുവിള ചരുവിള പുത്തൻ വീട്ടിൽ ബാലനെയാണ് (48) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ മാതൃകാപരമായി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. നിഷ്‌ക്കളങ്കനായ കുട്ടിയെ ഹീനമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2020ലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അണ്ടൂർ സ്‌കൂളിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കൊണ്ടുപോയി രണ്ടുതവണ പീഡിപ്പിച്ചതായാണ് കേസ്. ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷണം നടത്തി. മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾകൂടി ഉൾപ്പെടുത്തി പ്രതികളെ അറസ്റ്റുചെയ്തു. കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.