കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 4 വര്‍ഷം. 59 പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. വീടും , ഭൂമിയും ഒലിച്ച് പോയെങ്കിലും ബാങ്കുകളില്‍ നിന്നുള്ള നോട്ടീസ് വരുന്നത് തുടരുകയാണ്.
2019 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടുമണിക്കാണ് മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. 45 വീടുകള്‍ മണ്ണിനടിയിലായി. ഒന്ന് ഓടി രക്ഷപെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍ കുന്നിന്റെ മാറില്‍ പുതഞ്ഞു പോയി. 20 ദിവസം നീണ്ട തിരച്ചിലില്‍ 48 പേരുടെ മൃതദേഹം കണ്ടെടുത്തു. 11 പേര്‍ ഇപ്പോഴും ഇവിടെ അന്ത്യവിശ്രമം കൊള്ളുകയാണ്. ഭൂമി എല്ലാം പ്രളയം വിഴുങ്ങി എങ്കിലും നേരത്തെ പലരും ലോണ്‍ എടുത്തിരുന്നു. വായ്പ തിരിച്ചടക്കണം എന്ന് ആവശ്യപ്പെട്ടു ബാങ്കുകളില്‍ നിന്നും നോട്ടീസ് വന്ന് കെണ്ടിരിക്കുകയാണ്.
10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കി. സന്നദ്ധ സംഘടനകളുടെ കൈ താങ്ങിലാണ് പല കുടുംബങ്ങള്‍ക്കും സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവരുടെ വായ്പ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം.