റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കരിപ്പൂരിലെത്തിയ നാല് യാത്രക്കാരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് രോഗലക്ഷണമുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും മലപ്പുറം ജില്ലക്കാരാണ്. അർബുദ രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ എത്തിച്ചു. എറണാകുളം സ്വദേശിയായ ഗർഭിണിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
84 ഗർഭിണികൾ ഉൾപ്പെടെ 152 യാത്രക്കാരുമായി റിയാദിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കരിപ്പൂരിൽ ലാൻഡ് ചെയ്തത്. 20 പേരടങ്ങുന്ന സംഘമാണ് ആദ്യം പുറത്തിറങ്ങിയത്. നടപടിക്രമങ്ങളും ആരോഗ്യ പരിശോധനകളും പൂർത്തിയാക്കി പന്ത്രണ്ടരയോടെ അവസാന യാത്രക്കാരനും ക്വാരന്റൈൻ കേന്ദ്രത്തിലേക്ക് മടങ്ങി.
ബഹ്റൈനിൽ നിന്നുമുള്ള വിമാനം രാത്രി 11.25ന് നെടുമ്പാശ്ശേരി വിമാനത്താവത്തിലെത്തി. അഞ്ച് കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് രണ്ടാം ദിവസം നെടുമ്പാശ്ശേരിയിലെത്തിയത്. കേരളത്തിലേക്കുള്ള യാത്രക്കാർക്ക് പുറമേ മൂന്ന് ബംഗ്ലൂരു സ്വദേശികളും ഒരു മധുരൈ സ്വദേശിയും കൊച്ചിയിലെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. കൃത്യമായ പരിശോധനകൾക്കും ബോധവത്കരണത്തിനു ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.