പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ മാസം വരെ 53,000 പേർ വിശ്രമ കേന്ദ്രങ്ങൾ ഉപയോഗിച്ചു. പീപ്പിൾസ് റസ്റ്റ് ഹൗസായി പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളെ ഉയർത്തി, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ നിരവധി പേർക്ക് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട്ടിലെ പി.ഡബ്ളിയു.ഡി പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ പുതിയ മന്ദിരത്തിന്റെയും ഫയർ ആൻഡ് റസ്‌ക്യു സർവീസസ് പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് 2017-18 ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്.
മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ റെസ്റ്റോറന്റ്, ഓഫീസ്, ലോബി എന്നിവയുണ്ടാകും. ആഭ്യന്തരവകുപ്പ് 2019 – 20 ബജറ്റിൽ ഉൾപ്പെടുത്തി 2.60 കോടി രൂപ വിനിയോഗിച്ചാണ് ഫയർ ആൻഡ് റസ്‌ക്യു നിലയത്തിന്റെ പുതിയ മന്ദിരം നിർമ്മിക്കുന്നത്. 1082 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനില കെട്ടിടമാണ് പണിയുന്നത്.