Kerala

ഷാബാ ഷെരീഫ് കൊലപാതകം : പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെയുള്ള മൂന്നു പ്രതികളുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്.

ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ കൊണ്ടുപോയി എടവണ്ണ പാലത്തിൽ നിന്ന് ചാലിയാറിൽ തള്ളി എന്നാണ് പ്രതികൾ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്നാണ് മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനന്റെ മൊഴി. ഈ സാഹചര്യത്തിൽ ഷൈബിനെയും ഇയാളുടെ ഡ്രൈവർ നിഷാദിനെയും എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ച് ഇന്നലെ തെളിവെടുത്തിരുന്നു. വലിയ സുരക്ഷാ സന്നാഹങ്ങളോടെ ബോട്ടുകൾ ഉൾപ്പടെ പ്രയോജനപ്പെടുത്തിയാണ് മൃതദേഹ അവശിഷ്ടത്തിനായി തെരച്ചിൽ നടത്തിയത്.

എന്നാൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പൊലീസ് നാവിക സേനയുടെ സഹായം തേടുകയായിരുന്നു. പതിനേഴു മാസങ്ങൾക്ക് മുൻപ് നടന്ന കൊലപാതകമായതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പ്രയാസമാണ്. അവസാന ശ്രമം എന്ന നിലയിലാണ് നാവിക സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ വയനാട്, മൈസൂർ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു.