ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യം ഉന്നയിച്ച് മഹിള കോൺഗ്രസ്. വിജയ സാധ്യതയുള്ള മൂന്ന് സീറ്റ് തന്നെ ആവശ്യപ്പെടുമെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് മീഡിയവണിനോട് പറഞ്ഞു. പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള വനിതകളെ പാർലമെന്റ് രംഗത്തേക്ക് കൊണ്ടുവരാൻ നേതൃത്വം തയ്യാറാകണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു.
വനിതകൾ കഴിവ് തെളിയിച്ച് രംഗത്ത് വരട്ടെ എന്നായിരുന്നു മഹിളകൾക്ക് സീറ്റ് നൽകുമോ എന്ന കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മീഡിയവൺ വ്യൂ പോയന്റിൽ മറുപടി പറഞ്ഞത്. എന്നാൽ ഈ വാദത്തെ പൂർണമായും മ ലതിക തള്ളിക്കളഞ്ഞു. പതിറ്റാണ്ടുകൾ പ്രവർത്തന പരിചയമുള്ള നിരവധി വനിതകൾ കോൺഗ്രസിലുണ്ട്. ഇവരെ പാർലമെന്റ് രംഗത്തേക്ക് കൊണ്ടുവരാൻ നേതൃത്വം തയ്യാറാകണം. ഏതെങ്കിലും സീറ്റ് നൽകിയാൽ പോരെന്നും വിജയസാധ്യതയുള്ള സീറ്റുകൾ തന്നെ വേണമെന്നും ലതിക മീഡിയവണിനോട് പറഞ്ഞു. കുറഞ്ഞത് മൂന്ന് സീറ്റ് എങ്കിലും വേണമെന്നാണ് ആവശ്യം.
രാഹുൽ ഗാന്ധി കൊച്ചിയിലെത്തിയപ്പോൾ വനിതകൾക്കും യുവാക്കൾക്കും കൂടുതൽ സീറ്റ് നൽകുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ഉയർത്തിക്കാട്ടി കെ.പി.സി.സിയിൽ നിന്നും സീറ്റ് ചോദിച്ച് വാങ്ങാനാണ് മഹിളാ കോൺഗ്രസ് തീരുമാനം. ജന മഹായാത്ര അവസാനിക്കുന്നതോടെ സീറ്റ് ആവശ്യം ശക്തമായി ഉന്നയിക്കാനാണ് മഹിളാ കോൺഗ്രസ് ശ്രമിക്കുന്നത്.